" ഇരിക്ക്...ഒരുപാട് സംസാരിക്കാനുണ്ട് "



Nellore.,
Andhra Pradesh

ഏതാണ്ട് 2 വർഷങ്ങൾക് ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്.

"എവിടെ ആരുന്നു, ഇത്രേം നാൾ."

കയറിവരുന്ന വഴിയേ അവനെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു. 

ഒരക്ഷരം തിരികെ മിണ്ടാതെ ,ചുണ്ടുകൾക് മേലെയുള്ള തുപ്പൽ വലത്തേ കൈയ്യുടെ മോതിരവിരൽ കൊണ്ട് തൂത്തതിന് ശേഷം, മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി അവൻ നിന്നു. 


"പറ,..എവിടാരുന്നു"


അവൻ: "നിന്നെ ഞാൻ കുറെ തപ്പി, കുറെ സ്ഥലങ്ങളിൽ...പലരുടെയും ഇടയിൽ..പക്ഷെ നീ മനപ്പൂർവ്വമോ, ഭാഗ്യവശാലോ നീ തെന്നി മാറി. "


"ഞാനോ" 
ഒരു  ചെറിയ ഞെട്ടലോടെ ഞാൻ അവൻ്റെ മുഖത്തേക്കു നോക്കി 

അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു 
"അതെ നീ.!......കുറെ ഇടങ്ങളിൽ നിൻറ്റെ മുൻപിലും പിൻപിലും ഞാനുണ്ടായിരുന്നു..കാണാൻ പറ്റിയില്ല..നീ ശ്രമിച്ചില്ല എന്നുതന്നെ പറയാം..

.....മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിലേക്ക് നീ അന്ന് പോയപ്പോൾ നിന്റെ പിന്നാലെ ഞാൻ ഉണ്ടായിരുന്നു.. ഡോക്ടരുടെ റൂമിലേക്കു കയറുന്നതിനു ഒരു നിമിഷം മുൻപ് വരെ ഞാൻ നിന്നെ ഉറക്കെ വിളിച്ചു. നീയോ കേൾക്കുന്നു.


"ഞാൻ അന്ന്"


"ആഹ്.. തിരക്കാണ്.. എല്ലാർക്കും,
ഓർമ്മയുണ്ടോ, കുഞ്ഞിലെ സ്കൂളിൽ പോകാതെ അമ്മയോട് കള്ളം പറഞ്ഞു എന്റെ കൂട്ട്പിടിച്ചു നീ പോകാതിരിക്കും.. നമ്മുക്ക് ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു ബ്രോ...മറന്നോ നീ..'അടുപ്പ് പാതകത്തിലെ ചൂട് ' അതായിരുന്നു നിന്റെ കള്ളത്തരത്തിന്റെ കാതൽ"


ഞാൻ അവന്റെ സംസാരം കേട്ട് അറിയാതെ ചിരിച്ചു. 

ഞാൻ: "ഓരോ തവണ നീ വരുമ്പോളും ഞാൻ രസിച്ചിരുന്നു . പിന്നീടെവിടെയോ നീയുമായുള്ള സൗഹൃദത്തിനു എനിക്ക് വിലക്ക് വീണു. നിനക്ക് വേറേതോ കൂട്ടരുമായുള്ള ബന്ധം, അത് എന്നെയും എന്റെ ചുറ്റുപാടിനെയും പേടിപ്പിച്ചു. 

"മിണ്ടരുത് അവനോട്"  ഞാൻ സ്ഥിരമായി കേട്ടു 

.....പക്ഷെ അപ്പോഴും നമ്മുടെ കുട്ടിക്കാലവും സൗഹൃദവും എന്റെ മനസ്സിലൂടെ ഓടിനടന്നു. 

"അല്ല അമ്മേ, അവൻ പാവമാ, അവനെ കുറിച്ച് കേൾക്കുന്നതെല്ലാം ശെരിയല്ല..കെട്ടിചമച്ചവയാണ് പകുതിയും."

ആര് കേൾക്കുന്നു..."


അവൻ എൻ്റെ മുഖത്തേക്കു കുറെയധികം നേരം നോക്കിയിരുന്നു..ശേഷം 

അവൻ:

"പണ്ട് നീ സ്കൂളിലെ ഒരു വേദിയിൽ  നിന്നപ്പോൾ എന്നെ കണ്ടതും തലചുറ്റി വീണത് ഓർമയില്ലേ. അന്ന് എല്ലാരും എന്നെ പഴിച്ചു. എനിക്ക് അതിൽ ഒരു പങ്കുമില്ല... പിന്നീട് അന്വേഷിച്ചപ്പോൾ കാരണക്കാരൻ ഞാനല്ല....എന്ത് സംഭവിച്ചാലും എന്നെ സംശയിക്കുന്ന ഒരു സമൂഹമാണ് എനിക്ക് ചുറ്റും. 
പലരുടെയും കുറ്റം എന്റെ പേരിൽ മറക്കപെടുകയാണ്. 

.....നിനക്കറിയോ..
എന്റെ ഓരോ വരവിലും നിനക്ക് പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ നല്ലത് മാത്രേ വന്നിട്ടുള്ളൂ., പക്ഷെ ലോകം നിന്നെ എന്നിൽ നിന്നകറ്റി.... സാരമില്ല, എന്നെങ്കിലും എന്നെയും തിരിച്ചറിയും"

എന്റെ മുഖത്തേക്ക് നിസ്സഹായതയോടെ അവൻ നോക്കി. 


"ഇരിക്ക്...ഒരുപാട് സംസാരിക്കാനുണ്ട് .. " ഒരു ചെറു ചിരിയോടെ അവന്റെ തോളത്തു കൈ തട്ടി  ഞാൻ പറഞ്ഞു. 


"സംസാരിക്കാം..കുറെ ദിവസം ഞാൻ കൂടെ കാണും..അതിരിക്കട്ടെ എന്റെ വരവ് എങ്ങനെയുണ്ട് "


ഞാൻ പറഞ്ഞു:

"ഓഹ് അതോ..103.3°F"














'പനി' എന്ന സുഹൃത്ത് 
ശുഭം.

    Blogger Comment
    Facebook Comment

0 comments :

Post a Comment