ഞാൻ കണ്ട 'സുധി'യും വി.രജ്ഞിത്ത് പുണ്യാളനും

ഇതിപ്പൊ.'പശുവും ചത്തു മൊരിലെ പുളിയും കെട്ടു' പക്ഷേ...
"ഡാ അഖിലേ...ഞാൻ സുധിവാത്മീകം കണ്ടു..എടാ കാണെണ്ട പടമാണ് മോനേ..ട്രൂലി ഇൻസ്പിറേഷ്നൽ"
ജേഷ്ഠനെപ്പോലെ ഞാൻ കരുതുന്ന എൻ്റെ സുഹൃത്ത് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് എന്നോട് പറഞ്ഞതാണിത്..
"സിനിമയുടെ പൾസ് അറിയണമെങ്കിലത് തിയേറ്ററിൽ പോയി കാണണമെടാ."
ഇത്തരം മാസ്സ് ഡയലോഗുകൾ കൂട്ടുകാർക്കുമുൻപിൽ ഇരുന്ന് പറഞ്ഞിരുന്ന ഈ പ്രാരാബ്ധക്കാരന്, തുറന്ന് പറയാലോ, ആ പൾസ് പറഞ്ഞുതന്നത് റ്റോറൻ്റാണ്..പോലീസുകാരൻ അച്ഛൻ ഓഫീസ് ആവശ്യങ്ങൾക്ക് കരുതിയ വൈഫൈ കട്ടുതിന്ന്,എൻ്റെ സഹപാഠി,സിനിമ എനിക്ക് ഡൗൺലോട് ചെയ്തുതന്ന്,ജയസൃര്യയ്ക്കും എന്ന നിർമ്മാതാവിനും രജ്ഞിത്ത് ശങ്കർ എന്ന സംവിധായകനും എന്നന്നേയ്ക്കും ശത്രുവായി..

'പാവങ്ങളുടെ പി.വി.ആർ' എന്ന് ഞാൻ വിശേഷിപ്പിക്കുന്ന
കെ.എം.പ്ലെയർ, 'സുധി വാത്മീക'ത്തിൻ്റെ സെക്കൻ്റ് ഷോയ്ക്ക് തയ്യാറെടുത്തു..
സമയം ഏതാണ്ട് 10:35 പി.എം..

ജൻമനാ ഞാനൊരു രോഗിയാണ്.....
"പ്രതിവിധി?"
ചികിത്സ ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്..
രോഗത്തിൻ്റെ പേര് 'അക്ഷമ'.
ഇൻ ഡീറ്റെയിൽ, അതായത് സിനിമയുടെ സെൻസർബോർഡ് സർട്ടിഫിക്കെറ്റ് കാണിക്കുന്ന നിമിഷം തുടങ്ങി,'വലിയ വില കൊടുക്കേണ്ടിവരുന്ന പൂകവലി' കഴിഞ്ഞ്, *ഡയറക്റ്റട് ബൈ 'സംവിധായകൻ'*
എന്ന് കാണിക്കുന്ന ദാറ്റ് ഓക്ക്വേർഡ് മൊമൻ്റ് വരെ, എൻ്റെ ചൂണ്ടവിരൾ കീബോർഡിലെ ഫോർവേർഡ് ബട്ടണിൽ അറിയാതെ അമർത്തിക്കൊണ്ടിരിക്കും..
പക്ഷേ,രജ്ഞിത്ത് ശങ്കർ ഇവിടെ ചതിച്ചു..
"രാവിൻ്റെ വാത്മീകത്തിൽ തപസ്സിരിക്കുന്നതെന്തിനോ."
മധുര ശബ്ദവും ഫ്രെയ്മിൽ താടി വച്ച് മൂപ്പരും,
'ജയേട്ടാ...നിങ്ങള് ചിരിക്കുന്നത് കാണാൻ നല്ല ശേലാണ്'
കണ്ടുപോയി മുഴുവനും, ഞാനറിയാതെ...അങ്ങനെ ഫോർവേർഡ് ബട്ടണിൽ അമർത്താതെ ഞാൻ റൈറ്റിൽ മുഴുവൻ കണ്ടു,വായിച്ചു..
'വി.രജ്ഞിത്ത് പുണ്യാളൻ എനിക്ക് രോഗശാന്തി നല്കി:-എന്നും നന്ദിയോടെ ഒരു വിശ്വാസി.'
മുകേഷ് എന്ന ഈ സിനിമയിലെ മുകേഷിന് മുൻപിൽ പക്വതയോടെ,ഇരുന്നു സംസാരിച്ച സുധി,തുടക്കത്തിലെത്തന്നെ അഭിനയത്തിലെ മൂപ്പരുടെ ലെവൽ കാണിച്ചു..
"ആഹ്,എന്തായിയാളുടെ പേര്.?"
''ഹ്..സു..സു..സുധിവാത്മീകം"
ആ മുഖത്ത് അപ്പോൾ വന്ന ആ നിസ്സഹായത വീണ്ടും കാണാൻ മനസ്സിൽ ഒരിത്..സത്യം..
പുണ്യാളാ..ഞാൻ ബാക്ക്വേർഡ് ബട്ടണിൽ ഒന്നമർത്തി...
"ഉമേ.." ആ വിളി അങ്ങ് പിടിച്ചുപോയി..ആന്നേ..!!
"അത്തള പിത്തള തവളാച്ചി"ചൊല്ലാൻ പറ്റാത്ത യെങ്ങ് സുധീ,സെൻ്റിമെൻസിൻ്റെ ആഴം, 'ദി ഡെപ്ത്ത്' അതങ്ങ് കൂട്ടി..
പച്ചക്കറിക്കാരന് മുൻപിൽ കണ്ഡം വിറച്ച് സംസാരിച്ച ആ സീൻ,എൻ്റെ ജയേട്ടാ..കണ്ണുനിറഞ്ഞു എന്ന് പറഞ്ഞ് തള്ളുന്നില്ല...പക്ഷേ,ഉള്ളിലെവിടെയോ ഒരിത്...നമിച്ചുപോയി..
'തത്തമംഗലം' ആ നാട് തീ ഇട്ട് നശിപ്പിക്കാൻ ഗൂഡാലോചന നടത്തിയ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടാരുന്നു.
'ഷീല' യോട് ആദ്യം വലിയ ഇഷ്ടം..പിന്നീട് അവൾ തനി പെണ്ണിൻ്റെ സ്വഭാവം കാണിച്ചപ്പോൾ..
" എനിക്കൊരു പെങ്ങള്കൊച്ചുണ്ടായിരുന്നേൽ അവളെ നിങ്ങൾക്ക് ഞാൻ കെട്ടിച്ചു തന്നേനെ എൻ്റെ സുധീ..."
ഇങ്ങനെ പറഞ്ഞ ഒരു സഹോദരൻ്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല,സുധി അളിയാ...
എൻ്റെ കല്യാണി...
ദേ "വിൽ യൂ മാരി മീ", ഈ ക്ലീഷേ കുറേ കേട്ടിട്ടുണ്ടെങ്കിലും,ആ ഭാഗം സിനിമയിൽ നിന്ന് മുറിച്ചെടുത്ത് ഫോണിൽ സൂക്ഷിച്ചത് ഇതാദ്യായിട്ടാണ്..ദിവസവും 3 നേരം,ആഹാരത്തിന് മുൻപും ആഹാരത്തിന് ശേഷവും.
" കല്യാണമായാലും എന്നോട് പറയരുത്...ഐ വിൽ സ്റ്റോപ്പ് ട്രൈയിംഗ്"
ഇതായിരുന്നു അതുകഴിഞ്ഞുവന്ന ഏഴുദിവസത്തെ എൻ്റെ വാട്സാപ്പ് സ്റ്റാറ്റസ്സ്...ഇതു കണ്ട ഒരു പെൺകുട്ടി എന്നോട്....ഹി..ഹി..പോ..എനിക്ക് നാണാ.. ;)
അവസാനം സുധി തിരിച്ച് പ്രൊപ്പോസ് ചെയ്തപ്പോൾ കട്ടിലിലിരുന്ന് കൈയ്യടിച്ച് എൻ്റെ സന്തോഷം ഞാൻ പാസ്സാക്കി.
"നാശംപിടിച്ചത്..ഉറങ്ങാനും സമ്മതിക്കൂല.."
എന്ന് അമ്മ
അവസാനം പവർ ഒാഫ് ചെയ്ത് കട്ടിലിലേയ്ക്ക് തലചായ്ച്ചപ്പോൾ,ഞാനറിയാതെ പറഞ്ഞു..
"ജോയ്യേട്ടാ..ങ്ങളെപ്പോലെ ങ്ങളുമാത്രേയൊള്ളൂ ജോയ്യേട്ടാ"
ഈ സിനിമയോടും എന്തിനേറെ സുധിയോടും ഒത്തിരി ഇഷ്ടം.
Share on Google Plus

About Akhil Joseph

Interestingness hunter-gatherer, and curious mind at large
    Blogger Comment
    Facebook Comment

0 comments :